Saturday, September 1, 2012

എന്‍റെ തോഴി

ആത്മ സംഘട്ടനങ്ങള്‍ മനസ്സിനെ കലുഷിതമാക്കുമ്പോള്‍ ഞാന്‍ കാണുന്ന ഏക തോഴി എന്‍റെ തൂലികയാണ്...എന്‍റെ മനസ്സിന്‍റെ ഭാരം, വേദന, മൌനമായ തേങ്ങലുകള്‍ എന്തിനെന്‍റെ കണ്ണുനീരിന്‍റെ നനവും പോലും ഞാനെന്‍റെ കൈ വിരല്‍ തുമ്പിലൂടെ കടലാസിലേക്ക് പകര്‍ന്നു വയ്ക്കുമ്പോള്‍ അറിയാതെ നീ എന്‍റെ മനസ്സിനെ തണുപ്പിക്കുന്നു. എല്ലാം ഏറ്റുവാങ്ങി എന്നെ ആശ്ലേഷിച്ചു നെറ്റിയില്‍ മുത്തം തരുന്ന അദൃശ്യയായ എന്‍റെ കൂട്ടുകാരിയായി...

Allegory

കറണ്ട് പോകുമ്പോള്‍ വെറുതെ ജനാലയിലുടെ പുറത്തേക്കു നോക്കി ഒറ്റയ്ക്ക് നില്‍ക്കുക്ക വളരെ സുഖമുള്ള അനുഭവമാണ്...കവിളില്‍ ചെറിയ തണുപ്പോടെ തട്ടിയുരുമ്മുന്ന ജനാല കമ്പികളും തലമുടിയെ മൃദുവായി തൊടുന്ന ചെറിയ കാറ്റും നാട്ടു വെളിച്ചവും മുന്നിലെ വഴിയിലെ നിശബ്ദതയും അനന്തമായ ആകാശവും ...പിന്നെ ഇടയ്ക്കിടയ്ക്ക് റോഡിലൂടെ കൊഞ്ചി കൊഞ്ചി ഓടി നടക്കുന്ന ഗൌരിക്കുട്ടിയുടെ പട്ടിക്കുട്ടിയും...പക്ഷെ ഇന്ന് അര്‍ദ്ധരാത്രിയിലെ ആകാശത്തിനു ഒരു ഭാഗത്ത്‌ വല്ലാത്ത അരുണാഭയും മറുഭാഗത്ത്‌ കാര്‍മേഘവും കാര്‍മുകിലില്‍ല്‍ തിളങ്ങുന്ന നക്ഷത്രവും...ഒരേ സമയത്ത് മിന്നി മറയുന്ന ചിരിയും കരച്ചിലും പോലെ...സുഖവും ദുഖവും പോലെ...

എല്ലാം ദേജാവു മാത്രം...

മഴയ്ക്കും മരണത്തിനും എന്തോ നീഗൂഡമായ രൗദ്രഭാവം, ആരോയോക്കെയോ കരയിപ്പിച്ചും മനസ്സില്‍  കനലു കോരിയിട്ടും ഒരിക്കലും തണുപ്പികാനാവാതെ... മരണം വന്നെത്തുന്നത് അല്ലെങ്കില്‍ വിളിച്ചു വരുത്തുന്നത് ചിലപ്പോള്‍ പ്രകൃതി അറിഞ്ഞു കൊണ്ടാവില്ലേ??? ഇന്നത്തെ മഴയുടെ കുളിരിനു  പനിക്കുളിരിനെക്കാള്‍  കാഠിന്യം ഇല്ലേ??? എന്തോ എനിക്കിന്ന് മഴ ആസ്വദിക്കാനകുന്നില്ല. 

ദൂരെ ആരുടെയൊക്കെയോ നിലവിളി കേള്‍ക്കുന്നുണ്ടോ എന്നു ഞാന്‍ ജന്നാല വാതില്‍ തുറന്നു നോക്കി. ഇല്ല, ഒന്നുമില്ല...പക്ഷേ ആ ഇരുട്ടും വല്ലാത്ത തണുപ്പും എനിക്ക് ഭയാനകമായി തോന്നി. നരകം ഭൂമിയിലെക്കെതിയോ? അതോ, നാം ഭൂമിയെ നരകമാക്കിയോ? 

രാത്രിയുടെ ശബ്ദങ്ങളായി, താളമായി ഇപ്പോള്‍ ഞാന്‍ കേള്‍ക്കുന്നത് മരണത്തിന്‍റെ വാദ്യഘോഷങ്ങലാണ്, മഴയുടെ മരണമണിയാണ്. .. കണ്ണാടിയില്‍ തെളിയുന്ന എന്‍റെ പ്രതിബിംബത്തില്‍ നിറയുന്ന എന്‍റെ കണ്ണിലെ മിഴി നീര്‍ പോലും പ്രകാശത്തില്‍ തിളങ്ങുമ്പോള്‍ എന്നെ നോക്കി  വികൃതമായി  ചിരിക്കുന്നത് പോലെ. ഇപ്പോള്‍ ഞാന്‍ മനസിലാക്കുന്നു സ്ത്രീ, അവള്‍ ഭൂമിയില്‍ വന്നു ജനിക്കുന്നത് തന്നെ എന്തോ ശാപം കൊണ്ടാണ്, ഭൂമിയുടെ മകളായ സീത ദേവി ആണല്ലോ ഏറ്റവും വലിയ ഉദാഹരണം. പദ്മരാജന്‍റെ ഗന്ധര്‍വ ശാപം പണ്ടെങ്ങോ മനസ്സില്‍ പതിഞ്ഞതാണ്...അപ്പോള്‍ സ്വര്‍ഗത്തിലെ ദേവഗണങ്ങള്‍ ശാപമോക്ഷത്തിനായി നാരിയായി വന്നു പിറക്കുന്നതായിരിക്കാം നീരിപ്പുളയാന്‍ കൂട്ടിന്നായി സ്നേഹം നിറഞ്ഞ മനസ്സ് മാത്രം.