Monday, October 15, 2012

മേഘവര്‍ണ്ണം

വ്യത്യസ്ത ആകൃതിയിലുള്ള പഞ്ഞിക്കെട്ടു പോലുള്ള മേഘങ്ങള്‍ കണ്ടപ്പോള്‍ അതിന്‍റെ വക്കത്തു കയറിയിരുന്നു കാലുകള്‍ താഴെതെക്കിട്ടു വെറുതെ ആട്ടികൊണ്ടിരിക്കാന്‍ എനിക്ക് തോന്നുന്നു. അപ്പോള്‍ എന്‍റെ നീല പട്ടു പാവാടക്കു കൂടുതല്‍ തിളക്കം പോലെ.കിന്നാരം പറയാന്‍ ഓടിയെത്തുന്ന കുരുവികളും, മേഘങ്ങളോടു കൊഞ്ചിക്കളിക്കുന്ന എന്‍റെ വെള്ളി പാദസരങ്ങളും, ചുണ്ടിലെ ബാല്യത്തിന്റെ നിഷ്കളങ്കമായ പൊട്ടിച്ചിരിയും. എന്നോ എന്നരികിലേക്ക് ഓടി വന്നു കാലമാകുന്ന തേരിലേറി, ഇനി വരില്ലെന്ന് ചൊല്ലി കവിളില്‍ മുത്തം തന്നു പിരിഞ്ഞു പോയ എന്‍റെ പ്രിയ കൂട്ടുകാരിയെ പോലെ എനിക്ക് തോന്നുന്ന ബാല്യകാലം... ഓരോ മേഘത്തിനും ഓരോ രൂപങ്ങള്‍ സങ്കല്‍പ്പിക്കാന്‍ നോക്കി  നില്‍ക്കുമ്പോള്‍ പെട്ടെന്നൊരു കാര്‍മേഘം വന്നെന്‍ തുടുത്ത മേഘങ്ങളെ മറച്ചല്ലോ...അതാണോ ബാല്യത്തിന്റെ അവസാനം??? പെട്ടെന്ന് ഞാനോര്‍ത്തു ഓരോ മേഘങ്ങളും ഭൂമിയിലെ ജീവിതത്തിന്‍റെ പ്രതിബിംബം മാത്രം...